യാത്രക്കാർ വലഞ്ഞത് 12 മണിക്കൂർ; എയർ ഇന്ത്യ ഡൽഹി-കൊച്ചി വിമാനം പുറപ്പെട്ടു
Saturday, September 14, 2024 11:40 AM IST
കൊച്ചി: യാത്രക്കാരെ മണിക്കുറുകളോളം വലച്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം പുറപ്പെട്ടു. ഉച്ചയോടെ വിമാനം നെടുന്പാശേരിയിൽ ഇറങ്ങും. വെള്ളിയാഴ്ച രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് 12 മണിക്കൂർ വൈകി യാത്ര തുടങ്ങിയത്. ഓണത്തിന് നാട്ടിലെത്തേണ്ട മലയാളികളാണ് വിമാനത്തിലുള്ളത്.
രാവിലെ ആറിന് വിമാനം പുറപ്പെടും എന്നാണ് അവസാനമായി അധികൃതർ അറിയിച്ചതെങ്കിലും വീണ്ടും വൈകുകയായിരുന്നു. വിമാനം എപ്പോള്‍ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയില്ലെന്ന് യാത്രക്കാർ പറഞ്ഞു.
ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കിയുമില്ല. ഇതു പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. വിമാനം വൈകാനുള്ള കാരണം എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിട്ടില്ല.