രഹസ്യ റിപ്പോർട്ട് പരസ്യപ്പെടുത്തിയ സംഭവം: പി.വി. അൻവറിനെതിരേ നടപടിയെടുക്കാതെ പോലീസ്
Saturday, September 14, 2024 12:01 PM IST
തിരുവനന്തപുരം: പോലീസിന്റെ രഹസ്യരേഖ ചോർത്തി വാർത്താസമ്മേളനത്തിലൂടെയും സ്വന്തം ഫേസ്ബുക്ക് പേജിലൂടെയും പുറത്തുവിട്ട് പോലീസിനെ വെല്ലുവിളിച്ച ഭരണകക്ഷി എംഎൽഎ പി.വി. അൻവറിനെതിരേ നടപടിയെടുക്കാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ.
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ഇവർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ക്രൈംബ്രാഞ്ച് മേധാവിക്ക് രഹസ്യ റിപ്പോർട്ട് നൽകിയിരുന്നത്.
എന്നാൽ ചില ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ബോധപൂർവം തയാറാക്കി നൽകിയ റിപ്പോർട്ടാണിതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ക്രൈംബ്രാഞ്ച് പേട്ട യൂണിറ്റിൽനിന്നു ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യ രേഖയാണ് അൻവർ പുറത്ത് വിട്ടത്.
ഈ റിപ്പോർട്ട് എങ്ങനെ ചോർന്നെന്നും അൻവറിന് എങ്ങനെ ലഭിച്ചുവെന്നും പോലീസ് അന്വേഷിച്ചിട്ടില്ല. പോലീസ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന രഹസ്യ രേഖ അൻവറിന് ലഭിച്ചത് പോലീസിന്റെ കഴിവുകേട് വ്യക്തമാക്കുന്നതാണ്.
അതേസമയം ആർഎസ്എസ് അനുഭാവികളായ പോലീസുകാർ അന്വേഷണം അട്ടിമറിച്ചെന്നും ഇവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പോലീസിന്റെ രഹസ്യരേഖ പരാമർശിച്ച് അൻവർ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന് പരാതി നൽകിയിട്ടുണ്ട്.
ഗുരുതരമായ കുറ്റകൃത്യമാണ് അൻവർ നടത്തിയതെന്നും രഹസ്യ രേഖ ചോർന്ന സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ മൗനം തുടരുന്നതും അന്വേഷണം നടത്താത്തതും പോലീസിന്റെ വിശ്വാസ്യതയെ തകർക്കുന്നതിനും ജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസ്യത തകരുന്നതിനും ഇടയാക്കുമെന്നാണ് പരക്കെ ഉയരുന്ന വിമർശനം.