ട്രെയിനിൽ കാലുകുത്താൻ ഇടമില്ല; മലയാളികൾക്ക് ദുരിതമായി ഓണയാത്ര
Saturday, September 14, 2024 7:02 PM IST
കോഴിക്കോട്: ഓണം ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് സ്പെഷല്‍ ട്രെയിനുകള്‍ ഇല്ലാത്തിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ യാത്ര ദുരിതപൂര്‍ണം. എല്ലാ ട്രെയിനുകളിലെയും ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ നിറഞ്ഞുകവിയുകയാണ്. റിസര്‍വേഷന്‍ കിട്ടാനില്ല. മാസങ്ങള്‍ക്കുമുമ്പുതന്നെ മിക്ക ട്രെയിനുകളിലും റിസര്‍വേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇതുകാരണം ഓണത്തിനു നാട്ടിലെത്തുന്നവര്‍ക്ക് കഷ്ടപ്പാട് ഏറെയാണ്.
റോഡുമാര്‍ഗമുള്ള യാത്ര ദുഷ്കരമായതിനാല് മിക്കവരും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. മംഗലാപുരത്തേക്കും തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കുമുള്ള എല്ലാ ട്രെയിനുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
പകല്‍സമയത്തും രാത്രികാലത്തും ഉള്ള ട്രെയിനുകളിലും നല്ല തിരക്കുണ്ട്. റിസവര്‍വേഷന്‍ കിട്ടാത്തതിനാല്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ ആളുകള്‍ ഇടിച്ചു കയറുകയാണ്. കാലുകുത്താന്‍ ഇടമില്ലാത്ത വിധത്തില്‍ എല്ലാ ട്രെയിനുകളിലും തിരക്കുണ്ട്.
സ്ത്രീകളും കുട്ടികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഓണത്തിനു നാട്ടില്‍ പോകുന്നവര്‍ ആയതിനാല്‍ വലിയ ബഗേജുകളും കൈയിൽ കരുതും. അവയൊന്നും സുരക്ഷിതമായി വയ്ക്കാന്‍പോലും പറ്റുന്നില്ല. ലഗേജ് വയ്ക്കുന്ന അപ്പര്‍ ബര്ത്തില്പോലും ജനറല്‍ കമ്പാര്ട്ട്മെന്റുകുളില് യാത്രക്കാര്‍ കയറിയിരിക്കുകയാണ്. ബാത്ത് റൂമില്‍ പോകാന്‍പോലും പറ്റില്ല. കാരണം ബാത്ത് റുമിന്റെ മുന്ഭാഗത്തുമുഴുവന് യാത്രക്കാര്‍ ആയിരിക്കും.
ദേശീയപാതയില്‍ റോഡ് വീതികൂട്ടല്‍ നടക്കുന്നതിനാല്‍ ബസ് യാത്ര ദുഷ്കരമാണ്. മണിക്കൂറുകളാണ് ബസുകള്‍ റോഡില്‍ കുടുങ്ങി കിടക്കുന്നത്. ഇതുകാരണം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിപ്പെടാന്‍ സാധിക്കില്ല.
കോഴിക്കോടിനും കണ്ണൂരിനുമിടയ്ക്ക് തലശേരിയിലും വടകരയിലും പയ്യോളിയിലും കൊയിലാണ്ടിയിലുമെല്ലാം മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസമാണ്.