മിഷൻ അർജുൻ; ഡ്രഡ്ജർ ഞായറാഴ്ച പുറപ്പെടും
Saturday, September 14, 2024 9:24 PM IST
ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനായി തെരച്ചിൽ വീണ്ടും തുടങ്ങുന്നു. തെരച്ചിലിനായുള്ള ഡ്രഡ്ജർ ഞായറാഴ്ച ഗോവയിൽ നിന്ന് പുറപ്പെടും.
ഡ്രഡ്ജർ ചൊവ്വാഴ്ച കാർവാർ തുറമുഖത്ത് എത്തും. ചൊവ്വാഴ്ച തന്നെ ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടും. കാർവാർ തുറമുഖത്ത് നിന്ന് ഷിരൂർ എത്താൻ ഏതാണ്ട് 10 മണിക്കൂർ സമയം എടുക്കും.
വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിൻ അടക്കം ഉള്ള ഡ്രഡ്ജർ പാലത്തിന് അടിയിലൂടെ കയറ്റാൻ ആ സമയത്ത് ബുദ്ധിമുട്ടാണ്.
അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്. ബുധനാഴ്ച തെരച്ചിൽ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.