യാഗിക്ക് പിന്നാലെ ചൈനയെ വട്ടംകറക്കി ബെബിങ്ക; വിറങ്ങലിച്ച് ഷാംഗ്ഹായി
Monday, September 16, 2024 12:26 PM IST
ബെയ്ജിംഗ്: ബെബിങ്ക ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ ചൈനയിലെ ഷാംഗ്ഹായില്‍ കരതൊട്ടു. 1949ന് ശേഷം ഷാംഗ്ഹായില്‍ വീശിയടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. ബെബിങ്ക ചുഴലിക്കാറ്റ് മണിക്കൂറില്‍ 130 കിലോമീറ്റര്‍ (80 മൈല്‍) വരെ വേഗതയിലാണ് വീശുന്നത്
ചുഴലിക്കാറ്റിനെ തുടര്‍ന്ന് 40,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ട്രെയിനുകളും ഫെറികളും താത്കാലികമായി നിര്‍ത്തിവച്ചു. പേമാരിയിയെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ നിരവധി ഹൈവേകളും പാലങ്ങളും അടച്ചു.
25 ദശലക്ഷം ആളുകളുള്ള ഷാംഗ്ഹായി നഗരം 70 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തീവ്രമായ ചുഴലിക്കാറ്റിനെ അഭിമുഖീകരിക്കുന്നത്. സമീപ പ്രദേശങ്ങളായ ഷെജിയാംഗ്, ജിയാംഗ്സു, അന്‍ഹുയി എന്നിവയെയും ബെബിങ്ക ബാധിക്കുമെന്നാണ് വിവരം.
മറ്റൊരു ചുഴലിക്കാറ്റായ യാഗി കടന്നുപോയി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ബെബിങ്ക ചൈനയില്‍ എത്തുന്നത്. യാഗി ചുഴലിക്കാറ്റ് തെക്കുകിഴക്കന്‍ ഏഷ്യയിലും ചൈനയിലും വന്‍ നാശം വിതച്ചിരുന്നു.
ചൈനയിലെ തെക്കന്‍ ഹൈനാന്‍ ദ്വീപിലൂടെ കടന്നുപോയ യാഗിയില്‍ നാലുപേര്‍ മരിച്ചിരുന്നു. 95 പേര്‍ക്ക് പരിക്കേറ്റിരുന്നു. യാഗിയില്‍ വിയറ്റ്നാമില്‍ 230ല്‍ അധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. മ്യാന്മര്, തായ്ലന്ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും നിരവധിപേര്‍ മരിച്ചിരുന്നു.