മൈനാഗപ്പള്ളി അപകടം: ഡോക്ടര്‍ക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി
Monday, September 16, 2024 3:16 PM IST
കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വനിതാ ഡോക്ടർക്കെതിരെയും നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. നെയ്യാറ്റിൻക സ്വദേശി ഡോ. ശ്രീക്കുട്ടിക്കെതിരെയാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്.
വാഹനമോടിച്ച അജ്മലിനെതിരേ നേരത്തേ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. പ്രതികളുടെ പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ചെയ്ത കുറ്റകൃത്യമായതിനാല്‍ നരഹത്യാ വകുപ്പ് ഇരുവര്‍ക്കുമെതിരേ നിലനില്‍ക്കുമെന്ന് പോലീസ് അറിയിച്ചു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
മൈനാഗപ്പള്ളി ആനൂർക്കാവിൽ ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്.
കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാൾ അമിതവേഗത്തിൽ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൾ മരിച്ചു. കുഞ്ഞുമോളെ ഇടിച്ച ശേഷം മറ്റൊരു സ്ഥലത്തും ഈ വാഹനം അപകടത്തിൽപ്പട്ടിരുന്നു.
പ്രതികൾ ഇരുവരും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വാഹനം മുന്നോട്ടെടുക്കാന്‍ ഡ്രൈവറെ പ്രേരിപ്പിച്ചത് ഡോ.ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികള്‍ മൊഴി നൽകിയിരുന്നു.