രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ശിവസേന എംഎൽഎയ്ക്കെതിരെ കേസ്
Tuesday, September 17, 2024 4:38 AM IST
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നാവ് പിഴുതെടുക്കുന്നവർക്ക് 11 ലക്ഷം രൂപ കൊടുക്കുമെന്ന് പറഞ്ഞ ശിവസേന(ഷിൻഡെ) എംഎൽഎ സഞ്ജയ് ഗെയ്ക്വാദിനെതിരെ കേസ്.
പരാമർശം ഏറെ വിവാദമായതിന് പിന്നാലെ ബുൽധാന എംഎൽഎയ്ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. രാഹുൽ വിദേശത്തുവച്ച് നമ്മുടെ രാജ്യത്തെ സംവരണസംവിധാനം അവസാനിപ്പിക്കുമെന്നു പ്രസംഗിച്ചുവെന്നും ഇത് കോൺഗ്രസിന്റെ യഥാർഥ മുഖം വെളിവാക്കുന്നതാണെന്നു ഗെയ്ക്വാദ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ പരാമർശം നടത്തിയത്.
എന്നാൽ, പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ പ്രതികരിച്ചു.