ബെവ്കോയുടെ പരസ്യവീഡിയോ; കെസിബിസി നിയമനടപടികളിലേക്ക്
Tuesday, September 17, 2024 9:14 PM IST
കൊച്ചി: പൊതുജനത്തെ മദ്യശാലകളിലേക്ക് ആകര്‍ഷിക്കുന്ന ബെവ്കോയുടെ പരസ്യവീഡിയോയ്ക്കെതിരെ കെസിബിസി നിയമനടപടികളിലേക്ക്.
അബ്കാരി ചട്ടലംഘനം നടത്തി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യവീഡിയോയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ഒരു സ്ത്രീ ബെവ്കോയ്ക്കുവേണ്ടി ലൈംഗിക ചുവയോടെ ടിക്ടോക് മാധ്യമം മുഖേന നടത്തുന്ന പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. കുടിക്കൂ... വരൂ.... ക്യൂവിലണിചേരൂ! ആഢംബരങ്ങള്‍ക്ക് കൈത്താങ്ങാകൂ!.
എന്ന കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ലോഗോയോടൂകൂടിയ പരസ്യമാണ് കടുത്ത നിയമലംഘനമായി കെസിബിസി ചൂണ്ടിക്കാട്ടുന്നത്. മനുഷ്യന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും ബെവ്കോയും ചൂഷണം ചെയ്യുകയാണ്.
സര്‍ക്കാരിന് 2024-25 വര്‍ഷത്തില്‍ മദ്യനയമില്ല. കട്ടപ്പുറത്തെ നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പൊതുജനത്തിന്റെ ശാരീരിക-മാനസിക ആരോഗ്യത്തിന് തെല്ലും വിലകൽപ്പിക്കുന്നില്ല. യഥേഷ്ടം മദ്യശാലകള്‍ അനുവദിച്ച് തേരോട്ടം തുടരുകയാണ് സര്‍ക്കാര്‍.
നയം രൂപീകരിക്കാതെ നാഥനില്ലാ കളരിയാകുകയാണ് എക്സൈസ് വകുപ്പ് മാറിയെന്ന് യോഗം കുറ്റപ്പെടുത്തി. മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ.ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ച യോഗം ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു.