ലെബനന് സ്ഫോടനം: സ്ഫോടക വസ്തു നിർമാണ സമയത്ത് തന്നെ സ്ഥാപിച്ചതായിരിക്കുമെന്ന് നിഗമനം
Wednesday, September 18, 2024 6:42 AM IST
ബെയ്റൂട്ട്: ലെബനനിൽ പൊട്ടിത്തെറിച്ച പേജറുകളുടെ നിർമാണ സമയത്ത് തന്നെ സ്ഫോടക വസ്തു അതിൽ സ്ഥാപിച്ചതായിരിക്കുമെന്ന് വിദഗ്ധരുടെ നിഗമനം. ഇസ്രയേൽ ചാര ഏജൻസിയായ മോസാദിന്റെ പദ്ധതിയാണിതെന്ന് ഇറാൻ പ്രതികരിച്ചു. ഇസ്രയേൽ തന്നെയാണ് സ്ഫോടനത്തിന് പിന്നിലെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു.
ഇസ്രയേലിന് കനത്ത തിരിച്ചടി നൽകുമെന്നും ഹിസ്ബുല്ല അറിയിച്ചു. ഇതോടെ ഇസ്രയേൽ രാജ്യത്ത് സുരക്ഷ ശക്തമാക്കി. വിമാന കന്പനികൾ ഇസ്രയേലിലേക്കുള്ള സർവീസുകൾ റദ്ദാക്കി.
ചൊവ്വാഴ്ചയാണ് ലെബനനിൽ ഉടനീളം സ്ഫോടനം ഉണ്ടായത്. പേജർ സ്ഫോടനങ്ങളിൽ പതിനൊന്ന് പേർ കൊല്ലപ്പെടുകയും 3000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലെബനനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സ്ഫോടനം നടന്നത്. ലെബനനിലെ തങ്ങളുടെ അംബാസഡർ മൊജ്തബ അമാനിക്കും പരുക്കേറ്റതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.