വിടുതല്‍ ഹര്‍ജി തള്ളി; ഷുക്കൂര്‍ വധക്കേസിൽ പി.ജയരാജനും ടി.വി.രാജേഷിനും തിരിച്ചടി
Thursday, September 19, 2024 12:32 PM IST
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും നല്കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഷുക്കൂര്‍ കൊലപാതകത്തിലോ ഗൂഢാലോചനയിലോ നേരിട്ട് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജനും രാജേഷും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതിനെ എതിര്‍ത്ത് ഷുക്കൂറിന്റെ അമ്മ കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
ജയരാജനും രാജേഷിനും എതിരേ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന സാക്ഷിമൊഴികളും ഫോണ്‍ രേഖകളും സാഹചര്യത്തെളിവുകളും ഉണ്ടെന്ന് ഷുക്കൂറിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
2012 ഫെബ്രുവരി 20 നാണ് എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ ചെറുകുന്ന് കീഴറയില്‍ വച്ച് കൊല്ലപ്പെട്ടത്. അന്നേ ദിവസം ജയരാജനും രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ശേഷം, മണിക്കൂറുകള്‍ക്കകം ഷുക്കൂര്‍ കൊല്ലപ്പെടുകയായിരുന്നു
കേസില്‍ ഓഗസ്റ്റ് ഒന്നിന് അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തു. 27 ന് ഹൈക്കോടതി ജയരാജന് ജാമ്യം നല്കി. 2016 ഫെബ്രുവരി എട്ടിന് കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. 2019 ഫെബ്രുവരി 11 ന് പി. ജയരാജന്, ടി.വി. രാജേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ സിബിഐ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.