ഏഴ് പേർക്ക് കൂടി നിപ രോഗ ലക്ഷണങ്ങൾ; എം പോക്സ് സമ്പർക്ക പട്ടികയിൽ 23 പേർ
Thursday, September 19, 2024 7:16 PM IST
മലപ്പുറം: എം പോക്സ് ബാധിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയക്കുമെന്ന് മന്ത്രി അറിയിച്ചു.
ചികിത്സയിലുള്ള എടവണ്ണ ഒതായി സ്വദേശിയായ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും.
നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. യുവാവിനൊപ്പം വിമാനത്തിലെ മുന്നിലും പിന്നിലുമായി മൂന്ന് വരികളിലുണ്ടായിരുന്ന 43 പേരെയും മനസിലാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
മലപ്പുറത്ത് ഏഴ് പേർക്ക് കൂടി നിപ രോഗ ലക്ഷണങ്ങളുണ്ട്. മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളതെന്നും മന്ത്രി അറിയിച്ചു.
ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.