എഡിജിപിയെ സംരക്ഷിക്കുന്നതിൽ എതിർപ്പ്; പുറത്താക്കണമെന്ന് ആവർത്തിച്ച് സിപിഐ
Thursday, September 19, 2024 8:28 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരേ സിപിഐ. മുന്നണി ഘടകകക്ഷികൾ ഒറ്റക്കെട്ടായി പറഞ്ഞിട്ടും എഡിജിപിയെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുന്നതിലാണ് സിപിഐക്ക് എതിർപ്പ്.
സിപിഐ മുഖപത്രത്തിലെ പ്രകാശ് ബാബുവിന്റെ ലേഖനത്തിലാണ് വിമർശനം പരസ്യാമാക്കിയത്. ഇത്രയധികം ആരോപണങ്ങൾ ഉയര്‍ന്നിട്ടും ക്രമസമാധാന ചുമതലയിൽ തുടരുന്നുവെന്ന് മാത്രമല്ല, ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച എന്തിനെന്ന കാര്യത്തിൽ അന്വേഷണം പോലും നിര്‍ദേശിച്ചിട്ടില്ല.
ഒരു വിശദീകരണം തേടാൻ ഇത്ര സമയമോ എന്ന ചോദ്യം ന്യായമല്ലേ. പ്രശ്നം മുന്നണിക്ക് അകത്ത് പുകയുമ്പോഴും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. അജിത് കുമാറിന്റെ സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഡിജിപിയുടെ ശിപാർശയിൽ പോലും മുഖ്യമന്ത്രി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഫലത്തിൽ ആര്‍എസ്എസ് കൂടിക്കാഴ്ചയിൽ ഇതുവരെ പ്രഖ്യാപിക്കാത്ത അന്വേഷണത്തിന് കാത്തിരിക്കാനാണ് മുഖ്യമന്ത്രി പറയുന്നതും. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണം പോലും ഇല്ലെന്നിരിക്കെ എഡിജിപിയെ പുറത്താക്കണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.