ജൂണിയർ ഡോക്ടറുടെ കൊലപാതകം: സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും
Monday, September 30, 2024 10:23 AM IST
ന്യൂഡൽഹി: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിൽ ജൂണിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്നു വീണ്ടും വാദം കേൾക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്.
പശിമബംഗാൾ സർക്കാരിന്റെ ആവശ്യപ്രകാരം സെപ്റ്റംബർ 27ന് പരിഗണിക്കാനിരുന്ന കേസ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞയാഴ്ച മാറ്റിവയ്ക്കുകയായിരുന്നു.
ഡോക്ടർമാരുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട ഫലപ്രദമായ നിർദേശങ്ങൾ രൂപീകരിക്കാൻ നിയോഗിച്ച ദേശീയ ദൗത്യസേന(എൻടിഎഫ്) യുടെയും റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും .
വനിതാ ഡോക്ടർമാരെ രാത്രിയിൽ ജോലിക്കു നിയമിക്കരുതെന്ന ബംഗാൾ സർക്കാരിന്റെ ഉത്തരവ് ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി കഴിഞ്ഞ 17ന് കേസ് പരിഗണിച്ചപ്പോൾ കടുത്ത വിമർശനമാണു സർക്കാരിനെതിരേ ഉന്നയിച്ചത്. സ്ത്രീകൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പകരം അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കോടതി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ടു സിബിഐ സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ടിൽ കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേസമയം നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ റിപ്പോർട്ട് വെളിപ്പെടുത്താൻ കോടതി തയാറായില്ല.