മുഖ്യമന്ത്രിയെ സങ്കി ചാപ്പ കുത്തുന്നത് അംഗീകരിക്കില്ല; അൻവറിന്റെ പാര്‍ട്ടിയെ എതിര്‍ക്കുമെന്ന് കെ.ടി. ജലീൽ
Wednesday, October 2, 2024 5:33 PM IST
മലപ്പുറം: പാർലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഡോ. കെ.ടി. ജലീൽ എംഎൽഎ. സിപിഎമ്മിനോട് തീർത്താൽ തീരാത്ത കടപ്പാട് ഉണ്ടെന്നും ജലീൽ വ്യക്തമാക്കി.
കേരളത്തിലെ മുഴുവൻ പോലീസ് സംവിധാനത്തിൽ പ്രശ്നമുണ്ടെന്ന് താനും അൻവറും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളാഞ്ചേരിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ജലീലിന്റെ പ്രതികരണം.
പാര്‍ട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടി വെച്ച് കൊല്ലും എന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാര്‍ട്ടിയേയോ തള്ളിപ്പറയില്ല. അങ്ങനെ വന്നാല്‍ ഒരു വിഭാഗം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടും. അത് വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടാ.
പി.വി. അന്‍വര്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു എന്ന് വാര്‍ത്ത പുറത്ത് വരുന്നു. താന്‍ സിപിഎമ്മിന്റെ സഹയാത്രികനായി തുടരും. പൊതു പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മുഖ്യമന്ത്രിയെ സങ്കി ചാപ്പ കുത്തുന്ന രീതി അംഗീകരിക്കാനാവില്ല. ഇടതുപക്ഷത്തെ ബിജെപി അനുകൂലികളാക്കാന്‍ ആണ് ശ്രമം. അങ്ങനെ ചെയ്താല്‍ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ദുര്‍ബലമാക്കും.
അൻവറുമായുള്ള സൗഹൃദം നിലനിര്‍ത്തും. എന്നാല്‍ പാര്‍ട്ടി ഉണ്ടാക്കുന്നതിനെ എതിര്‍ക്കും. വെളിപ്പെടുത്തൽ എന്ന് പറയുമ്പോൾ സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരേയുള്ള വെളിപ്പെടുത്തൽ ആണെന്ന് മാധ്യമങ്ങൾ തെറ്റിധരിച്ചുവെന്നും ജലീൽ പറഞ്ഞു.