ഇനിയല്പം ക്ഷീണമാകാം; സ്വർണവില നേരെ താഴേക്ക്
Wednesday, October 9, 2024 11:49 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്ക്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 56,240 രൂപയിലും ഗ്രാമിന് 7,030 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 60 രൂപ ഇടിഞ്ഞ് 5,810 രൂപയിലെത്തി.
ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56,400 ആയിരുന്നു. രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56,800 രൂപയിലെത്തി. തുടർന്ന് മൂന്നിന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56,880 രൂപയെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റിക്കാര്‍ഡിട്ടിരുന്നു. തുടർന്ന് 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ രണ്ടുദിവസം വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് തിങ്കളാഴ്ച താഴേക്കുപോയത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 820 രൂപയാണ്.
രാജ്യാന്തര വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര നിരക്കുകളിലും പ്രതിഫലിച്ചത്. ആഗോള സ്വർണവില ട്രോയ് ഔൺസിന് 5.31 ഡോളർ (-0.20%) താഴ്ന്ന് 2,616.91 ഡോളർ എന്നതാണ് നിരക്ക്.
അതേസമയം, വെള്ളിയുടെ വിലയിലും ഇടിവുണ്ട്. രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയാണ്.