രഞ്ജിയിൽ കേരളത്തിനെതിരേ തകര്‍ന്നടിഞ്ഞ് പഞ്ചാബ്, അഞ്ചിന് 95
Friday, October 11, 2024 4:02 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ പഞ്ചാബിന് ബാറ്റിംഗ് തകർച്ച. ആദ്യ ദിനം മഴമൂലം കളി നിര്ത്തിവയ്ക്കുമ്പോള് പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സോടെ രമണ്‍ദീപ് സിംഗും ആറ് റണ്‍സുമായി കൃഷ് ഭഗത്തുമാണ് ക്രീസില്‍.
മൂന്ന് വിക്കറ്റെടുത്ത ആദിത്യ സര്‍വാതെയും രണ്ട് വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് പഞ്ചാബ് ബാറ്റിംഗ് നിരയെ തകർത്തത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭയ് ചൗധരിയെ നഷ്ടമായി. അക്കൗണ്ട് തുറക്കുംമുമ്പെ ചൗധരിയെ ആദിത്യ സര്‍വാതെയുടെ പന്തിൽ ക്യാപ്റ്റൻ സച്ചിന് ബേബി പിടിച്ചു പുറത്താക്കി. പിന്നാലെ നമാന്‍ ദിറിനെയും (10) ക്യാപ്റ്റന്‍ പ്രഭ്സിമ്രാന് സിംഗിനെയും (12) പുറത്താക്കി സർവാതെ പഞ്ചാബിന് വീണ്ടും പ്രഹരമേല്പിച്ചു. ഇതോടെ മൂന്നിന് 37 എന്നനിലയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി.
പിന്നാലെ എത്തിയ നെഹാല്‍ വധേരയെയും (ഒമ്പത്) പിടിച്ചു നില്ക്കാന് ശ്രമിച്ച അന്‍മോല്‍പ്രീതിനെയും(28) ജലജ് സക്സേന വീഴ്ത്തി. അഞ്ചിന് 65 റൺസെന്ന ദയനീയ അവസ്ഥയിലായ പഞ്ചാബിനെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രമണ്‍ദീപ് സിംഗും(28), കൃഷ് ഭഗത്തും(ആറ്) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 96 റണ്‍സിലെത്തിച്ചു.