ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ഫൈനൽ പ്രവേശനം തുലാസിൽ
Sunday, November 3, 2024 8:19 PM IST
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പോയിന്റ് നിലയിൽ ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിൻ തള്ളി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് എത്തി.14 കളികളില്‍ നിന്ന് 58.33 പോയിന്റ് ശതമാനവുമായാണ് ഇന്ത്യ രണ്ടാമതായത്.
ഒന്നാം സ്ഥാനത്തുള്ള ഓസീസിന് പന്ത്രണ്ട് കളിയിൽ നിന്ന് 62.50 പോയിന്റ് ശതമാനമുണ്ട്. ഇതിൽ എട്ട് ജയവും മൂന്ന് തോൽവിയും ഒരു സമനിലയും ഉൾപ്പെടും. ഇന്ത്യയ്ക്ക് എട്ട് ജയവും അഞ്ച് തോൽവിയും ഒരു സമനിലയുമാണുള്ളത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കിയിരുന്ന ശ്രീലങ്ക 55.56 പോയിന്റ് ശതമാനവുമായി ഇന്ത്യക്ക് തൊട്ടു പിന്നില്‍ മൂന്നാമതുണ്ട്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-0ന് തൂത്തുവാരിയതോടെ ന്യൂസിലന്‍ഡ് 54.55 പോയിന്റ് ശതമാവുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് വിജയിച്ച ദക്ഷിണാഫ്രിക്ക 54.17 പോയിന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്തുണ്ട്.
മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനലിൽ എത്തണമെങ്കിൽ ഓസ്ട്രേലിയായ്ക്കെതിരെ നടക്കുന്ന പരമ്പരയിലെ നാല് കളിയെങ്കിലും വിജയിക്കണം. ഇന്ത്യക്കെതിരെ നാട്ടില്‍ അഞ്ചും ശ്രീലങ്കക്കെതിരെ രണ്ട് എവേ ടെസ്റ്റും ഉള്‍പ്പെടെ ഏഴ് ടെസ്റ്റാണ് ഓസീസിന് അവശേഷിക്കുന്നത്.
ഇതില്‍ അഞ്ച് ജയങ്ങളെങ്കിലും നേടിയാല്‍ ഓസ്ട്രേലിയക്കും എതിരാളികളുടെ മത്സരഫലം ആശ്രയിക്കാതെ ഫൈനല്‍ യോഗ്യത നേടാം. ഇന്ത്യക്കെതിരെ മൂന്നും ശ്രീലങ്കക്കെതിരെ രണ്ടും ടെസ്റ്റുകളില്‍ ജയിച്ചാല്‍ ഓസീസ് ഫൈനലിലെത്തും.
അവശേഷിക്കുന്ന നാലു ടെസ്റ്റുകളില്‍ നാലും ജയിച്ചാലെ ശ്രീലങ്കയ്ക്ക് എതിരാളികളുടെ മത്സരഫലം ആശ്രയിക്കാതെ ഫൈനലിലെത്താനാവു. ഇതില്‍ ദക്ഷിണാഫ്രിക്കക്കെതിരെ എവേ പരമ്പരയും ഓസ്ട്രേലിയക്കെതിരെ ഹോം സീരീസുമാണ്.
ന്യൂസിലന്‍ഡിനെതിരെ കളിച്ച ടീമില്‍ നിന്ന് വലിയ മാറ്റമൊന്നും ഇല്ലാതെയാണ് ഇന്ത്യ ഓസ്ട്രേലിയായിലേക്ക് പോകുന്നത്. ഹോം ട്രാക്കില്‍ താളം കണ്ടെത്താൻ കഴിയാത്ത ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഓസ്ട്രേലിയായിലെ പേസ് പിച്ചുകളിൽ എങ്ങനെ പിടിച്ചു നിൽക്കുമെന്ന് കണ്ടറിഞ്ഞ് കാണാം.