യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്എഫ്ഐ നേതാക്കളുടെ മർദനം
Thursday, December 5, 2024 7:16 PM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്കും സുഹൃത്തിനും എസ്എഫ്ഐ നേതാക്കളുടെ ക്രൂര മർദനം. കോളജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
പൂവച്ചൽ സ്വദേശിയായ വിദ്യാർഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്നതിന്റെയും തല്ലാനായി വെല്ലുവിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് മൂന്നാം വർഷ വിദ്യാർഥിയായ അനസ്. തോരണം കെട്ടാനും കൊടി കെട്ടാനും തന്നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാലിന് സുഖമില്ലാത്തതിനാൽ മരത്തിൽ കയറാൻ പറ്റില്ലെന്ന് അനസ് പറഞ്ഞു. അപ്പോൾ നിനക്ക് പ്രാദേശികമായി പ്രവർത്തിക്കാൻ അറിയാമല്ലോ എന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു.
കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് അനസ് പ്രതികരിച്ചു. തന്റെ വൈകല്യമുള്ള കാലിൽ ചവിട്ടി പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറിയാണ് മർദന വിവരം പുറത്തു പറഞ്ഞാൽ രണ്ട് കാലും വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയത്.
വിദ്യാർഥികൾക്ക് മുന്നിൽ വച്ച് വയ്യാത്ത കാലിന്റെ പേരിൽ പലതവണ കളിയാക്കുകയും ചെയ്തു. ഇതിന്റെ പേരിൽ കോളേജിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അനസ് പറയുന്നു.