രഞ്ജി ട്രോഫി സെമി: ഗുജറാത്തിനെതിരേ കേരളത്തിന് ബാറ്റിംഗ്, ടീമിൽ രണ്ടു മാറ്റങ്ങൾ
Monday, February 17, 2025 10:13 AM IST
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിന് ബേബി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ടു മാറ്റങ്ങളോടെയാണ് കേരളം ഇന്നിറങ്ങുന്നത്. യുവതാരം ഷോണ്‍ റോജര്‍ക്കു പകരം വരുണ്‍ നായനാര്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാൻ എത്തി.
കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ, സച്ചിൻ ബേബി(ക്യാപ്റ്റൻ), ജലജ് സക്സേന, വരുൺ നായനാർ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, എം.ഡി. നിധീഷ്, എന്‍.പി. ബേസിൽ.
ഗുജറാത്ത് പ്ലേയിംഗ് ഇലവൻ: പ്രിയങ്ക് പഞ്ചാൽ, ആര്യ ദേശായി, സിദ്ധാർഥ് ദേശായി, മനൻ ഹിംഗ്രാജിയ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ, ചിന്തൻ ഗജ (ക്യാപ്റ്റൻ), വിശാൽ ജയ്സ്വാൾ, രവി ബിഷ്ണോയ്, അർസൻ നാഗ്വാസ്വല്ല, പ്രിയജിത്സിംഗ് ജഡേജ.
രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. പ്രാഥമിക ഘട്ടത്തിലും ക്വാര്‍ട്ടര്‍ ഫൈനലിലും ഒരു മത്സരത്തിലും തോല്‍ക്കാതെയാണ് കേരളത്തിന്റെ വരവ്. കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ ജമ്മു കാഷ്മീരിനെയാണ് ക്വാർട്ടറിൽ കേരളം മറികടന്നത്.
മറുവശത്ത് സൗരാഷ്ട്രയെ 98 റണ്‍സിന് തോല്‍പ്പിച്ചാണ് ഗുജറാത്തിന്റെ വരവ്.