മെഹുല്‍ ചോക്സിക്ക് തിരിച്ചടി: ജാമ്യാപേക്ഷ തള്ളി ബെല്‍ജിയം കോടതി
Wednesday, April 23, 2025 2:15 AM IST
ബ്രസൽസ്: 13500 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിയുടെ ജാമ്യാപേക്ഷ തള്ളി ബെല്‍ജിയം കോടതി.
മൂന്ന് ജഡ്മാരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ആരോഗ്യം മോശമാണെന്നും കുടുംബത്തോടൊപ്പം കഴിയണമെന്നുമായിരുന്നു മെഹുല്‍ ചോക്സി കോടതിയെ അറിയിച്ചത്.
കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ഉള്‍പ്പടെ പാലിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ മെഹുല്‍ ചോക്സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി.
ചോക്സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. 2017ല്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം സ്വന്തമാക്കിയ ചോക്സി രക്താര്‍ബുദ ചികിത്സയ്ക്കായാണ് ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെല്‍ജിയത്തില്‍ എത്തിയത്.
ഇന്ത്യന്‍, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വങ്ങള്‍ മറച്ചുവെച്ചാണ് മെഹുല്‍ ചോക്സി ബല്‍ജിയത്തില്‍ താമസ പെര്‍മിറ്റ് സ്വന്തമാക്കിയത് എന്നാണ് വിവരം.