സിപിഐ ദേശീയ കൗണ്‍സിൽ ഇന്നുമുതൽ തിരുവനന്തപുരത്ത്
Wednesday, April 23, 2025 4:07 AM IST
തിരുവനന്തപുരം: സിപിഐ ദേശീയ കൗണ്‍സിൽ യോഗം ഇന്നു മുതൽ 25 വരെ പാർട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ ചേരും. പത്തു വർഷത്തിനു ശേഷമാണു തിരുവനന്തപുരത്തു ദേശീയ കൗണ്‍സിൽ ചേരുന്നത്. ഇന്നു രാവിലെ 10ന് ദേശീയ എക്സിക്യൂട്ടീവ് യോഗം ചേരും.
മ്യൂസിയം ജംഗ്ഷനിലെ സി. അച്യുതമേനോന്റെ പ്രതിമയിൽ പുഷ്പാഞ്ജലി നടത്തിയ ശേഷം എം.എൻ. സ്മാരകത്തിൽ ദേശീയ കൗണ്‍സിൽ യോഗം നടക്കും. സെപ്റ്റംബറിൽ പഞ്ചാബിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയാണു ദേശീയ കൗണ്‍സിലിൽ പ്രധാനമായും നടക്കുക.
സിപിഐയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ വൈകുന്നേരം മോഡൽ സ്കൂൾ ജംഗ്ഷനിൽ പൊതുസമ്മേളനവും തുടർന്നു കലാപരിപാടികളും നടക്കും. പൊതുസമ്മേളനം പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും. 25നു ദേശീയ കൗണ്‍സിൽ അവസാനിക്കും.