മാസപ്പടി കേസ്; ഇഡിക്ക് അനുബന്ധ രേഖകള്‍ ഉടന്‍ ലഭിക്കില്ല; പകര്‍പ്പെടുക്കാന്‍ അസൗകര്യമുണ്ടെന്ന് കോടതി
Thursday, May 1, 2025 11:45 AM IST
കൊച്ചി: മാസപ്പടി കേസില്‍ ഇഡിക്ക് അനുബന്ധ രേഖകള്‍ ഉടന്‍ ലഭിക്കില്ല. അനുബന്ധ രേഖകളുടെ പേജുകളുടെ ബാഹുല്യം കാരണം കോടതിയിൽ പകർപ്പെടുക്കാൻ അസൗകര്യമുണ്ടെന്ന് വിചാരണ കോടതി അറിയിച്ചു. കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയുടേതാണ് തീരുമാനം.
നേരത്തെ കുറ്റപത്രത്തിന്റെ പകർപ്പ് വിചാരണ കോടതി ഇഡിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അനുബന്ധ രേഖകള്‍ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിക്കുകയായിരുന്നു.
25,000 പേജുകളടങ്ങിയ അനുബന്ധ രേഖകളാണ് കുറ്റപത്രത്തിനൊപ്പം എസ്എഫ്ഐഒ സമർപ്പിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ പകർപ്പെടുക്കാൻ കോടതിയിൽ സൗകര്യമില്ലെന്നും കോടതി അറിയിച്ചു.
എന്നാൽ പകര്‍പ്പെടുക്കുന്നതിനായി ഫോട്ടോസ്റ്റാറ്റ് മെഷീൻ അടക്കം കൊണ്ടുവരാമെന്ന് ഇഡി അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ തുടര്‍നടപടിയെടുക്കാൻ വിചാരണ കോടതി തയാറായില്ല. അത്തരം തീരുമാനങ്ങളെടുക്കാന്‍ ഹൈക്കോടതിക്കേ കഴിയൂ എന്നും കോടതി വ്യക്തമാക്കി.