സിസ്റ്റൈൻ ചാപ്പലിൽ ചിമ്മിനി സ്ഥാപിച്ചു; പുതിയ ഇടയനെ കണ്ടെത്താനുള്ള കോൺക്ലേവ് ഏഴിന്
Friday, May 2, 2025 3:36 PM IST
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനായി ഈമാസം ഏഴിന് ആരംഭിക്കുന്ന കോൺക്ലേവിനു മുന്നോടിയായി സിസ്റ്റൈൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകൾ കത്തിക്കുന്നതിന്റെ ഫലമായി ഈ ചിമ്മിനിയിലൂടെ പുറത്ത് വിടുന്ന പുകയുടെ നിറം അടിസ്ഥാനമാക്കിയാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുത്ത വിവരം അറിയുന്നത്.
15-ാം നൂറ്റാണ്ടിൽ നിർമിതമായ സിസ്റ്റൈൻ ചാപ്പലിൽ, സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ എവിടെ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുളളത്. സിക്സ്റ്റസ് നാലാമൻ മാർപാപ്പയാണ് ഈ ചാപ്പൽ നിർമിച്ചത്(1473-1481). അദ്ദേഹം പണിയിച്ചതുകൊണ്ടാണ് സിസ്റ്റൈൻ എന്ന പേരുണ്ടായത്. വിശ്രുത കലാകാരൻ മൈക്കലാഞ്ചലോ ഈ ചാപ്പലിന്റെ മദ്ബഹാഭിത്തിയിൽ അന്ത്യവിധിയുടെ ചിത്രം രചിക്കുന്നത് 1535-41 വർഷങ്ങളിലാണ്.
കോൺക്ലേവിന്റെ തീയതി പ്രഖ്യാപിച്ചതോടെ സിസ്റ്റൈന്‍ ചാപ്പൽ അടച്ചിരുന്നു. 250 ലധികം അംഗങ്ങളുള്ള കർദിനാൾ സംഘത്തിലെ 80 വയസിൽ താഴെ പ്രായമുള്ള 135 കർദിനാൾമാർക്കാണ് വോട്ടവകാശമുള്ളത്. 72 രാജ്യങ്ങളിൽനിന്നുള്ള കർദിനാൾ ഇലക്ടേഴ്സിന്റെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നയാൾ തന്റെ തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകുകയും ചെയ്യുന്നതോടെയാണു മാർപാപ്പയെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത്.
മാർപാപ്പയെ തെരഞ്ഞെടുത്ത സന്തോഷവാർത്ത ലോകത്തോടു വിളംബരം ചെയ്ത് സിസ്റ്റൈൻ ചാപ്പലിലെ പുകക്കുഴലിൽനിന്നു വെള്ള പുക ഉയരുകയും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങുകയും സ്വിസ് ഗാർഡുകൾ വത്തിക്കാൻ ചത്വരത്തിൽ ബാൻഡ് വാദ്യവുമായി വലംവയ്ക്കുകയും ചെയ്യും.
തുടർന്ന് കർദിനാൾ സംഘത്തിലെ മുതിർന്നയാൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി "ഹാബേമുസ് പാപ്പാം’ (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തും. പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി അഭിസംബോധന ചെയ്യും. കോൺക്ലേവ് ദിവസങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് എത്തുക.
ഇതിനുമുന്‍പ് 2005ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവും 2013ൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവും കേവലം രണ്ടുദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. എന്നാൽ ഇക്കുറി കോൺക്ലേവ് നീണ്ടുപോകാനുള്ള സാധ്യതയേറെയാണ്.