പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചത്: വിരാട് കോഹ്ലി
Friday, May 2, 2025 7:08 PM IST
ബംഗളൂരു: പുതിയ കളിക്കാർക്ക് അവസരം നൽകാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമാണ് താൻ അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. പുതിയൊരു കൂട്ടം കളിക്കാര്‍ ടി20 കളിക്കാന്‍ തയ്യാറാണെന്നും അവര്‍ക്ക് പരിചയം വരാനും സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുമൊക്കെ സമയം ആവശ്യമാണെന്നും കോഹ്ലി പറഞ്ഞു.
"ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ താരങ്ങൾ കളിക്കേണ്ടതുണ്ട്. ലോകകപ്പിന് അവര്‍ തയ്യാറെടുക്കണം. അത്രമാത്രം മത്സരങ്ങളും കളിക്കണം. അതുകൊണ്ടാണ് അവര്‍ക്ക് വേണ്ടി മാറികൊടുത്തത്.'-കോഹ്ലി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേട്ടത്തിന് ശേഷമാണ് വിരാട് കോഹ്ലി ആ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത്. കോഹ്ലിക്കൊപ്പം രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയ്ക്കായി ആകെ 125 ടി20 മത്സരങ്ങള്‍ കളിച്ച കോഹ്ലി 48.69 ശരാശരിയില്‍ 4188 റണ്‍സ് നേടിയിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ 59 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ കോലിയാണ് മത്സരത്തിലെ താരമായത്. ഇന്ത്യ ഏഴ് റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു.