രോഗിയാണെന്ന് പറഞ്ഞ് തന്നെ മൂലയ്ക്കിരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് കെ. സുധാകരൻ
Sunday, May 4, 2025 2:58 PM IST
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റാനായി ഒരു നേതാവ് ശ്രമിക്കുകയാണെന്ന് കെ. സുധാകരൻ. പലരും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറയുന്നു. എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് താൻ അല്ലേ പറയേണ്ടത്. ഏത് തരത്തിലുള്ള ആരോഗ്യപ്രശ്നത്തിനും ഇപ്പോൾ ചികിത്സയില്ലേയെന്നും സുധാകരൻ ചോദിച്ചു.
രോഗി ആണെന്ന് കാണിച്ച് തന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒരു നേതാവാണ് അതിനു പിന്നിൽ. തന്നെ അഖിലേന്ത്യാ കമ്മിറ്റി കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ഉറപ്പുണ്ടെന്നും സുധാകരൻ പറഞ്ഞു.
സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നതിനെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. മാറ്റുകയാണെങ്കിൽ ഡൽഹിയിലേക്ക് വിളിക്കേണ്ട കാര്യമില്ലല്ലോ. എത്രയോ വർഷത്തെ പാരമ്പര്യമുണ്ട്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി ഒന്നരമണിക്കൂർ നേരം ചർച്ചനടത്തി.
കേരള രാഷ്ട്രീയത്തെ കുറിച്ചായിരുന്നു സംസാരമത്രയും. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെക്കുറിച്ച് വാർത്തയുണ്ടാക്കുന്നത്. നേതൃത്വം ആവശ്യപ്പെട്ടാൽ ആ നിമിഷം സ്ഥാനമൊഴിയാൻ തയാറാണെന്നും സുധാകരൻ വ്യക്തമാക്കി.