പത്തനംതിട്ടയിൽ നീറ്റ് പരീക്ഷക്കിടെ ആൾമാറാട്ട ശ്രമമെന്ന് സംശയം; വിദ്യാർഥിയെ ചോദ്യംചെയ്യുന്നു
Sunday, May 4, 2025 6:54 PM IST
പത്തനംതിട്ട: നീറ്റ് പരീക്ഷക്കിടെ ആൾമാറാട്ട ശ്രമമെന്ന് സംശയം. പത്തനംതിട്ട തൈക്കാവിലെ പരീക്ഷാ സെന്ററിലാണ് സംഭവം. സംശയം തോന്നിയ ഇൻവിജിലേറ്ററാണ് പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയെ പോലീസ് ചോദ്യംചെയ്യുകയാണ്. വിദ്യാർഥി എത്തിയത് മറ്റൊരു വിദ്യാർഥിയുടെ പേരിലുള്ള വ്യാജ ഹാൾടിക്കറ്റുമായാണെന്നാണ് സംശയം.
ഹാൾടിക്കറ്റിൽ ഒരു ഭാഗത്ത് ഈ വിദ്യാർഥിയുടെ പേരും വെരിഫിക്കേഷൻ കോളത്തിൽ മറ്റൊരു വിദ്യാർഥിയുടെ പേരുമാണ് ഉണ്ടായിരുന്നത്. വെരിഫിക്കേഷൻ കോളത്തിൽ പേരുള്ള വിദ്യാർഥി തിരുവനന്തപുരത്ത് മറ്റൊരു കേന്ദ്രത്തിൽ പരീക്ഷയെഴുതുന്നുണ്ടായിരുന്നു എന്നാണ് വിവരം.
ആൾമാറാട്ടം നടത്തിയതായി സംശയിക്കുന്ന കുട്ടി ഒരു മണിക്കൂർ പരീക്ഷയെഴുതിയതായും പിന്നീട് സംശയത്തെതുടർന്ന് ഒഴിവാക്കി നിർത്തിയെന്നുമാണ് വിവരം. തുടർന്ന് വിദ്യാർഥിയെയും അമ്മയെയും പോലീസ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യൽ തുടരുകയാണ്.