ലക്നോവിനെ തകർത്തു; രണ്ടാമതെത്തി പഞ്ചാബ്
Sunday, May 4, 2025 11:30 PM IST
ധരംശാല: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് ഗംഭീര ജയം. 37 റൺസിനാണ് പഞ്ചാബ് വിജയിച്ചത്. വിജയത്തോടെ 15 പോയിന്റായ പഞ്ചാബ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.
ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നോവിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുക്കാനെ സാധിച്ചുള്ളു. 74 റൺസുമായി ആയുഷ് ബദോനിയും 45 റൺസുമായി അബ്ദുൾ സമദും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മറ്റാർക്കും ലക്നോ നിരയിൽ തിളങ്ങാനായില്ല.
പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗ് മൂന്നു വിക്കറ്റ് എടുത്തു. അസമത്തുള്ള ഒമർസായ് രണ്ടു വിക്കറ്റും മാർകോ യാൻസനും യുഷ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റൺസ് അടിച്ചെടുത്തത്. പ്രഭ് സിംറാൻ സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് പഞ്ചാബിനെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചത്. 48 പന്തിൽ 91 റൺസെടുത്താണ് സിമ്രാൻ പുറത്തായത്. ആറ് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു പഞ്ചാബിന്റെ ടോപ് സ്കോററായ പ്രഭ് സിമ്രാന്റെ ഇന്നിംഗ്സ്.
14 പന്തിൽ 30 റൺസെടുത്ത് ജോഷ് ലിംഗ്ലിസും 25 പന്തിൽ 45 റൺസെടുത്ത് ശ്രേയസ് അയ്യരും 15 പന്തിൽ 33 റൺസെടുത്ത് ശശാങ്ക് സിംഗും പഞ്ചാബിനായി തിളങ്ങി.
ലക്നോവിനായി ആകാശ് മഹാരാജ് സിംഗ്, ദിഗ്വേഷ് സിംഗ് രാത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം പിഴുതു. പ്രിൻസ് യാദവ് ഒരു വിക്കറ്റും എടുത്തു.