കൈക്കൂലി കേസ്: എ. സ്വപ്നയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Monday, May 5, 2025 11:43 AM IST
കൊച്ചി: കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത കൊച്ചി കോര്പറേഷന് വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എ. സ്വപ്നയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ കോടതിയാണ് അപേക്ഷ പരിഗണിക്കുക. മൂന്ന് ദിവസത്തേക്കാണ് വിജിലന്‍സ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മാസം മൂന്നു ലക്ഷം രൂപയോളം സ്വപ്നയ്ക്ക് കൈക്കൂലിയായി മാത്രം ലഭിച്ചിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലി പണം ഉപയോഗിച്ച് തൃശൂരിലും കൊച്ചിയിലും വീടും സ്ഥലവും വാങ്ങിയെന്നും കാര്‍ വാങ്ങിയെന്നും സ്വപ്ന ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണവിവരം ഉള്‍പ്പെടെ നിരവധി രേഖകള്‍ വിജിലന്‍സ് വിശദമായി പരിശോധിച്ചു വരികയാണ്. സ്വപ്നയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
കെട്ടിടനിര്‍മാണ പെര്‍മിറ്റിന് സ്വന്തം കാറില്‍ വന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ 30ന് ആണ് തൃശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശി സ്വപ്ന വിജിലന്‍സിന്റെ പിടിയിലായത്. എറണാകുളം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.