കൈക്കൂലിക്കേസ്; സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു
Monday, May 5, 2025 4:58 PM IST
കൊച്ചി: കൈക്കൂലിക്കേസിൽ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ.സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്നയെ കൊച്ചി കോർപ്പറേഷൻ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. വൈറ്റില വൈലോപ്പിള്ളി റോഡിൽ സ്വന്തം കാറിൽവച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്നയെ കൊച്ചിയിലെ വിജിലൻസ് സംഘം പിടികൂടിയത്.
15000 രൂപ കൈക്കൂലി വാങ്ങാൻ കുടുംബ സമേതമാണ് സ്വപ്നയെത്തിയത്. ജോലി കഴിഞ്ഞ് തൃശൂർ മണ്ണുത്തിയിലേക്ക് മടങ്ങവെയായിരുന്നു കൈക്കൂലി വാങ്ങാനുളള നീക്കം. പരിശോധനയില്‍ കാറില്‍നിന്ന് 41,180 രൂപയും കണ്ടെത്തി.
കഴിഞ്ഞ രണ്ടു വർഷമായി കൊച്ചി നഗരസഭയിൽ പ്രവർത്തിക്കുന്ന സ്വപ്ന മുൻപ് തൃശൂർ കോർപ്പറേഷനിലും ജോലി ചെയ്തിരുന്നു. വൈറ്റില സോണൽ ഓഫീസിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാൽ ബിൽഡിംഗ് ഇൻസ്പെക്ടറായിട്ടായിരുന്നു പ്രവർത്തനം.