വിസ്മയക്കാഴ്ചകൾ "റെഡി'; തൃശൂർ പൂരം ഇന്ന്
Tuesday, May 6, 2025 6:12 AM IST
തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. രാവിലെ ഏഴിന് പഞ്ചവാദ്യ മേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥ സന്നിധിയിലെത്തുന്നതോടെ പൂരം തുടങ്ങും. 11.30ന് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും.
12.15ന് പാറമേക്കാവിൽ15 ആനകളുടെ എഴുന്നള്ളിപ്പ് തുടങ്ങും.ഗുരുവായൂർ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റും. ഉച്ചയ്ക്ക് രണ്ടോടെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250 കലാകാരന്മാരുടെ ഇലഞ്ഞിത്തറമേളത്തിന് തുടക്കമാവും.
വൈകുന്നേരം അഞ്ചിന് പാണ്ടിമേളം കൊട്ടി തെക്കോട്ടിറക്കം. തുടർന്ന് കോർപ്പറേഷന് മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും.
പിന്നീട് പൂരപ്രേമികൾ കാത്തിരുന്ന കുടമാറ്റം നടക്കും. ബുധനാഴ്ച പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട് അരങ്ങേറുക. രാവിലെ പകൽപൂരത്തിനുശേഷം ഉപചാരം ചൊല്ലി പിരിയും.