സുധാകരൻ മയപ്പെട്ടു; ഭക്ഷണം കഴിച്ചോയെന്ന് മാധ്യമപ്രവർത്തകരോട് ചോദ്യം
Tuesday, May 6, 2025 4:23 PM IST
തിരുവനന്തപുരം: നേതൃമാറ്റ വാർത്തകൾ സജീവമായിരിക്കേ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പ്രതികരിച്ചത് കരുതലോടെ. വിഷയം ഇന്ന് ഉന്നയിച്ച മാധ്യമപ്രവർത്തരോട് നിങ്ങൾ ഭക്ഷണം കഴിച്ചോ മക്കളേ, എനിക്ക് നിങ്ങളോടൊന്നും പറയാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിഷയത്തിൽ കഴിഞ്ഞ ദിവസം സുധാകരൻ നടത്തിയ പരസ്യ പ്രതികരണത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുധാകരൻ ഈ രീതിയിൽ പ്രതികരിച്ചത് പാർട്ടി നേതൃത്വത്തിന് തന്നെ അമ്പരപ്പുളവാക്കിയിരുന്നു.
തനിക്കെതിരേ സംസ്ഥാനത്ത് ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും അവരാണ് താൻ മാറുമെന്ന പ്രചരണത്തിന് പിന്നിലെന്നുമായിരുന്നു സുധാകരന്റെ ആരോപണം. കെപിസിസി അധ്യക്ഷനായി വരുന്ന ആളുകളുടെ ഫോട്ടോ കണ്ടാൽ തിരിച്ചറിയണമെന്ന കെ.മുരളീധരന്റെ പ്രസ്താവനയെയും സുധാകരൻ പിന്തുണച്ചിരുന്നു.
വിഷയത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി നേതൃത്വത്തെയും മുതിർന്ന നേതാക്കളെയും പരസ്യമായി വിമർശിച്ചതും കെപിസിസി നേതൃത്വത്തിന് ക്ഷീണമായി. നേതാക്കൾ കുറച്ചുകൂടി പക്വത കാണിക്കണമെന്നും തങ്ങൾ കൂടി പരസ്യ വിമർശനം ഉന്നയിച്ചാൽ നിലവിലെ നേതൃത്വം താങ്ങില്ലെന്നുമായിരുന്നു രാഹുലിന്റെ പരിഹാസം.