ഭയന്നുപോയോ; ഇന്ത്യ പിന്മാറിയാൽ ആക്രമണം അവസാനിപ്പിക്കാമെന്ന് പാക് പ്രതിരോധമന്ത്രി
Wednesday, May 7, 2025 2:51 PM IST
ഇസ്ലാമബാദ്: ഇന്ത്യ സൈനിക നടപടി അവസാനിപ്പിച്ചാല്‍ ആക്രമണം നിര്‍ത്താമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ പിന്മാറിയാല് തങ്ങള്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയാറാണെന്ന് ആസിഫ് പ്രതികരിച്ചു.
ഇന്ത്യയ്ക്കെതിരെ ശത്രുതാപരമായ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് തങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കും. ഇന്ത്യ പിന്മാറുകയാണെങ്കില് തങ്ങള്‍ ഉറപ്പായും സംഘര്‍ഷം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് പ്രതികരണം. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്നു പുലർച്ചെ 1:05 മുതൽ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങൾ ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവർ സംയുക്തമായാണ് നടത്തിയത്. മുറിദ്കെ, ബഹവൽപൂർ, കോട്ലി, ഗുൽപൂർ, ഭീംബർ, ചക് അമ്രു, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
ഭീകരരുടെ റിക്രൂട്ട് കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്തു. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.