പ്രതിനിധി സംഘത്തിന്റെ വിദേശ സന്ദർശനം; ക്ഷണം നിരാകരിച്ച് സൽമാൻ ഖുർഷിദ്
Saturday, May 17, 2025 9:33 PM IST
ന്യൂഡൽഹി: പാക് ഭീകരതയെ കുറിച്ചും ഓപറേഷന് സിന്ദൂറിനെക്കുറിച്ചും വിദേശ രാജ്യങ്ങളില്‍ വിശദീകരണം നല്‍കാനുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം നിരാകരിച്ച് കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്. പാർട്ടിയാണ് അംഗങ്ങളെ തീരുമാനിക്കേണ്ടതെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു.
പാർട്ടി പേര് നൽകിയവരാണ് സംഘത്തിൽ പോകേണ്ടതെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു. തന്നെ രണ്ടു ദിവസം മുമ്പാണ് സർക്കാർ വിളിച്ചതെന്നും ന്യൂസിനോട് ഖുർഷിദ് വ്യക്തമാക്കി.
അതേ സമയം, ഓപ്പറേഷന് സിന്ദൂറിന്റെ ഭാഗമായി വിദേശരാജ്യത്തേക്കയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിലെ പ്രാതിനിധ്യത്തെ ചൊല്ലി കോണ്‍ഗ്രസും ശശി തരൂരും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി നല്കിയ പേരുകള്‍ അവഗണിച്ച് ശശി തരൂരിനെ ഒരു സംഘത്തിന്റെ നേതൃസ്ഥാനത്ത് സര്‍ക്കാര്‍ നിയമിച്ചതിലെ കടുത്ത അതൃപ്തി കോണ്‍ഗ്രസ് പരസ്യമാക്കി.
രാഷ്ട്രീയത്തേക്കാള്‍ വലുത് രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ച തരൂര്‍ സര്‍ക്കാരിന്റെ ക്ഷണം അഭിമാനത്തോടെ സ്വീകരിച്ചെന്നും, മൂല്യമുള്ള തന്നെ ആര്‍ക്കും അപമാനിക്കാനാവില്ലെന്നും തിരിച്ചടിച്ചു.