കോഴിക്കോട്ട് ഭൂചലനം ഉണ്ടായതായി റിപ്പോർട്ടില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ്
Sunday, May 18, 2025 12:02 PM IST
കോഴിക്കോട്: കായക്കൊടി എള്ളിക്കാം പാറയിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകളില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പഠനം നടത്തണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പും ഇ.കെ വിജയൻ എംഎൽഎയും പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി കായക്കൊടി പഞ്ചായത്തിലെ നാല്, അഞ്ചു വാർഡുകളിൽ ഭൂചലനം അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. സെക്കന്റുകൾ മാത്രമാണ് ഭൂചലനം ഉണ്ടായതെങ്കിലും ജനം ആശങ്കയിലാണ്.
സ്ഥലം എംഎൽഎ ഇ കെ വിജയൻ പ്രദേശം സന്ദർശിച്ചു. അടിയ്ക്കടി ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതിനാൽ വിശദമായ പഠനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ജിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. ഭൂചലനം ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ലെന്നും കൂടുതൽ പഠനം വേണമെന്നും ജില്ലാ ജിയോളജിസ്റ്റ് ആവശ്യപ്പെട്ടു.