കോഴിക്കോട് തീപിടിത്തം: താളം തെറ്റി ഗതാഗത സംവിധാനങ്ങളും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
Sunday, May 18, 2025 8:56 PM IST
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിൽ ഉണ്ടായ അഗ്നിബന്ധയ്ക്ക് പിന്നാലെ താളംതെറ്റി ഗതാഗത സംവിധാനങ്ങളും. ഞായറാഴ്ച അവധി ദിവസമായതിനാല്‍ നിരവധി പേര് സ്വന്തം വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി ബിച്ചിലേക്കും മറ്റും പോകാനായി ടൗണിലെത്തിയിരുന്നു. എന്നാല്‍ തീപ്പിടിത്തത്തോടെ തിരക്കും ബഹളവുമായി ഗതാഗതം കുരുക്കിലായി.
ബസ് സ്റ്റാൻഡ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിരിക്കുകയാണ്. ബീച്ചില്‍ നിന്നും മാനാഞ്ചിറ ഭാഗത്തുനിന്നുമെല്ലാം എത്തുന്ന വാഹനങ്ങള്‍ക്ക് പുതിയ ബസ് സ്റ്റാന്റ് ഭാഗം പിന്നിടാന്‍ സാധിക്കുന്നില്ല.
തീപ്പിടിത്തമുണ്ടായ ഉടനെ തന്നെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ബസ്സുകളെല്ലാം പുറത്തേയ്ക്ക് മാറ്റിയിരുന്നു. ഇത് ദീർഘദൂര യാത്രക്കാരെ വെട്ടിലാക്കി. തീ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബസ് സ്റ്റാൻഡിന് സമീപത്തേക്കുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. സ്വകാര്യ ബസ്സുകള്‍ വഴിതിരിച്ചുവിട്ട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് വരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ട്രാഫിക്ക് സംവിധാനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0495 2721831 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ജനത്തിരക്കും വാഹനത്തിരക്കും ട്രാഫിക് ബ്ലോക്കും മൂലം രക്ഷാപ്രവര്‍ത്തനത്തിനുള്ള വാഹനങ്ങള്‍ക്ക് പോലും സ്ഥലത്തേക്ക് പെട്ടന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായി.