മുല്ലപ്പെരിയാറിൽ കേരളത്തിന് വീണ്ടും തിരിച്ചടി; തമിഴ്നാടിന് മരം മുറിക്കാൻ അനുമതി നൽകി സുപ്രീംകോടതി
Monday, May 19, 2025 4:18 PM IST
ഇടുക്കി: മുല്ലപ്പെരിയാറിൽ മരം മുറിക്ക് അനുവാദം നൽകി സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ തമിഴ്നാടിന്റെ അപേക്ഷ കേരളം കേന്ദ്രത്തിന് അയക്കണമെന്നും മൂന്നാഴ്ചക്കകം കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നുമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അറ്റകുറ്റപ്പണിക്കുള്ള തമിഴ്നാടിന്റെ അപേക്ഷ കേരളം അംഗീകരിക്കണമെന്നും കോടതി വ്യക്തമാക്കി. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് നിർമിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. റോഡ് കേരളം നിർമിക്കാനും ചെലവ് തമിഴ്നാട് വഹിക്കാനുമാണ് നിർദേശം.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തിൽ കേരളം എതിര് നിൽക്കുന്നുവെന്ന വാദമുയർത്തിയാണ് തമിഴ്നാട് സുപ്രീം കോടതിയിൽ വാദിച്ചത്.
മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവച്ചിരിക്കുന്നത്. അപകട സാധ്യത മുൻനിർത്തി പുതിയ ഡാം വേണമെന്നാണ് ആവശ്യം. എന്നാൽ അപകട സാധ്യതയില്ലെന്ന് മരംമുറിയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി ജഡ്ജിമാർ വാക്കാൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഉത്തരവ്.