പോലീസ് സ്റ്റേഷനിൽ ദളിത് യുവതിക്ക് മാനസിക പീഡനം; മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷം
Monday, May 19, 2025 6:49 PM IST
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പോലീസ് സ്റ്റേഷനിൽവച്ച് ദളിത് യുവതിക്ക് മാനസിക പീഡനമേറ്റതിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ കോൺഗ്രസ് പേരൂർക്കട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
കേരളത്തിൽ പോലീസ് രാജാണെന്നും ദളിത് സ്ത്രീകളെ കണ്ടാൽ തെറി വിളിക്കുന്നതിലാണോ പോലീസുകാർ ഡിഗ്രി എടുത്തതെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ ചോദിച്ചു. യുവതിയെ കള്ളി എന്നാണ് പോലീസുകാർ വിളിച്ചത്.
കുടിവെള്ളം പോലും കൊടുക്കാൻ മനസ് കാണിക്കാത്തവരാണ് പേരൂർക്കട സ്റ്റേഷനിലെ പോലീസുകാർ. പിണറായി എന്തിനാണ് ആഭ്യന്തര വാഴയായി ജീവിക്കുന്നത്?. സംസ്ഥാന സർക്കാർ യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടന്ന് സ്റ്റേഷൻ വളപ്പിലേക്ക് കയറിയ രണ്ടു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.