കല്യാണിക്ക് കണ്ണീരോടെ വിട; സംസ്കാര ചടങ്ങുകൾ പൂർത്തിയായി
Tuesday, May 20, 2025 5:23 PM IST
കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്ന് വയസുകാരി കല്യാണിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പിതാവിന്റെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് കല്യാണിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.
തിരുവാങ്കുളത്തെ വീട്ടിൽ കല്യാണിയുടെ ചേതനയറ്റ കുഞ്ഞുശരീരമെത്തിയപ്പോൾ നൂറ് കണക്കിന് ആളുകളാണ് അവസാനമായി അവളെ കാണാനെത്തിയത്. പൊതുദർശനത്തിനെത്തിയവർ കരച്ചിലടക്കാൻ പാടുപെടുന്ന കാഴ്ചയാണ് അവിടെ കണ്ടത്.
തിങ്കളാഴ്ചയാണ് അമ്മ സന്ധ്യ അങ്കണവാടിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയി കല്യാണിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. എട്ട് മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം ചാലക്കുടിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് കണ്ടെടുത്തത്.
സന്ധ്യ കുറ്റം സമ്മതിച്ചതായി റൂറൽ എസ്പി ഹേമലത അറിയിച്ചു. അവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേ സമയം കൊലപാതക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും എസ്പി പറഞ്ഞു.