ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Thursday, May 22, 2025 10:55 PM IST
തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി എട്ടിനുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ മുരിങ്ങൂർ സ്വദേശി സജിയും കുടുംബം സഞ്ചരിച്ച കാറാണ് കത്തിയത്.
സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഇവർ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ആദ്യം ഡോറുകൾ തുറക്കാൻ കഴിഞ്ഞില്ല. ഇത് പരിഭ്രാന്തിക്കിടയാക്കി. എന്നാൽ അൽപസമയത്തിനുള്ളിൽ ഡോറുകൾ തുറക്കാൻ കഴിഞ്ഞതോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു.
കാറിൽ നിന്നിറങ്ങിയ ഇവർ സാധനങ്ങൾ മാറ്റിയതിന് തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. പുതുക്കാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതുക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.