അരുഷി ഗോയലിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ദീപ്തി ശര്‍മ
Friday, May 23, 2025 4:29 PM IST
ന്യൂഡൽഹി: യുപി വാരിയേഴ്സിലെ സഹതാരമായ അരുഷി ഗോയലിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ഇന്ത്യൻ താരം ദീപ്തി ശര്‍മ. അരുഷി ഗോയല്‍ ആള്‍മാറാട്ടം നടത്തി തന്നില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി സ്വർണാഭരണങ്ങളുൾപ്പെടെ
മോഷ്ടിച്ചുവെന്നും രണ്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സി കൊണ്ടുപോയെന്നും ദീപ്തി ശര്‍മയുടെ പരാതിയില്‍ പറയുന്നു.
ദീപ്തി ശര്‍മക്കുവേണ്ടി സഹോദരന് സുമിത് ശര്‍മയാണ് ആരുഷിക്കെതിരെ സര്‍ദാര്‍ പോലീസില്‍ പരാതി നല്‍കിയത്. ദീപ്തിയുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണം, വിശ്വാസവഞ്ചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുപി വാരിയേഴ്സ് ടീം അംഗമായ അരുഷി ഇന്ത്യൻ റെയില്‍വെയില്‍ ആഗ്ര ഡിവിഷനില്‍ ജൂനിയര്‍ ക്ലര്‍ക്ക് കൂടിയാണ്. യുപി വാരിയേഴ്സില്‍ ഒരുമിച്ച് കളിക്കുന്നതിന് മുമ്പ് തന്നെ ദീപ്തിയും ആരുഷിയും ഒരുമിച്ച് മത്സര ക്രിക്കറ്റില്‍ കളിക്കുകയും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
എന്നാല്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ പറഞ്ഞ് ആരുഷി പലതവണയായി ദീപ്തിയില്‍ നിന്ന് പണം വാങ്ങുകയും അത് തിരിച്ചു നല്‍കാതിരിക്കുകയും ചെയ്തതാണ് പരാതിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.