ട്രാക്കിൽ മരംവീണു; ട്രെയിൻ ഗതാഗതം താറുമാറായി
Monday, May 26, 2025 10:01 PM IST
കോഴിക്കോട്: കനത്ത കാറ്റിലും മഴയിലും റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണ് ട്രെയിൻ ഗതാഗതം താറുമാറായി. കോഴിക്കോടും ആലുവയിലുമാണ് ട്രാക്കിലേക്ക് മരംവീണത്.
കോഴിക്കോട് ഫറോക്കിനു സമീപം അരീക്കോടാണ് ട്രാക്കിലേക്ക് മരങ്ങൾ വീണത്. സമീപത്തെ വീടിന്റെ മേൽക്കൂരയും പറന്ന് ട്രാക്കിലേക്ക് വീണു. റെയിൽവേ വൈദ്യുതി ലൈനും പൊട്ടിവീണിട്ടുണ്ട്. തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ് എത്തുന്നതിനു തൊട്ടുമുമ്പാണ് മരങ്ങൾ വീണത്.
നാട്ടുകാർ അപായ മുന്നറിയിപ്പ് നൽകിയതോടെ ട്രെയിൻ നിർത്തുകയായിരുന്നു. തിരുനെല്‍വേലി - ജാംനഗര്‍ എക്സ്പ്രസ് ഒന്നരമണിക്കൂറോളമായി കല്ലായി സ്റ്റേഷനു സമീപത്തായി നിര്‍ത്തിയിട്ടിരിക്കുകയാണ്.
മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസ് കല്ലായിയിലും കണ്ണൂർ - ഷൊർണൂർ മെമു കോഴിക്കോട്ടും പിടിച്ചിട്ടിരിക്കുകയാണ്. ആലുവയിലും ഇരുഭാഗത്തേക്കുമുള്ള റെയിൽവേ ട്രാക്കിൽ മരംവീണു. അങ്കമാലി ഉൾപ്പെടെയുള്ള സമീപ സ്റ്റേഷനുകളിൽ എറണാകുളത്തേക്കുള്ള ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്.
നേരത്തെ തിരുവല്ല - ചങ്ങനാശേരി പാതയിലും തൃശൂർ - ഗുരുവായൂർ പാതയിലും തിരുവനന്തപുരം - ഇടവ പാതയിലും മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു.