ഗാംഗുലിയുടെ സഹോദരനും ഭാര്യയും സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞു, അദ്ഭുകരമായ രക്ഷപ്പെടൽ
Tuesday, May 27, 2025 3:47 AM IST
പുരി: ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സഹോദരൻ സേനേഹാശിഷ് ഗാംഗുലിയും ഭാര്യ അർപിതയും സഞ്ചരിച്ച സ്പീഡ് ബോട്ട് വലിയ കടൽത്തിരയിൽപെട്ടു മുങ്ങി.
ലൈഫ്ഗാർഡിന്റെ സമയോചിത ഇടപെടലിലൂടെ ഇവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പുരിയിൽ ലൈറ്റ്ഹൗസിനുസമീപം ശനിയാഴ്ച വൈകുന്നേരമാണു സംഭവം.
സ്പീഡ് ബോട്ട് അപകടത്തിൽപെടുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. പത്തുനില കെട്ടിടത്തിനുസമാനമായ വലിയ തിരയാണ് ഞങ്ങൾ മുന്നിൽക്കണ്ടതെന്ന് അർപിത പറഞ്ഞു. സ്പീഡ് ബോട്ടിനെ തിര വലിച്ചെറിഞ്ഞു. അപകടത്തിനുപിന്നാലെയെത്തിയ ലൈഫ്ഗാർഡാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്.
സാഹസിക കായികവിനോദങ്ങൾ കടലിൽ പാടില്ലെന്നാണ് എന്റെ അഭിപ്രായം. പത്തുപേർക്കു കയറാനുള്ള ബോട്ടിൽ നാലുപേർ കയറിയാൽ ആടിയുലയുന്ന അവസ്ഥയാണെന്നും അർപിത പറഞ്ഞു.