ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം തടഞ്ഞത് അനുചിതം: സർക്കാരിനെതിരേ ഹൈക്കോടതി
Tuesday, May 27, 2025 1:05 PM IST
കൊച്ചി: കേരള ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വിസി ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം തടഞ്ഞ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സർക്കാരിന്റെ നടപടി അനുചിതമെന്നും തികച്ചും അപരിചിതമായ കാര്യമെന്നും കോടതി നിരീക്ഷിച്ചു.
അച്ചടക്ക നടപടി നിലനിൽക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്നാണ് സർക്കാർ വാദം. അതേസമയം, രണ്ട് വർഷമായി എന്ത് അന്വേഷണമാണ് നടത്തുന്നതെന്നും സമയബന്ധിതമായി പൂർത്തിയാക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
സർക്കാർ ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച അന്വേഷണമുണ്ടെങ്കിൽ അവ വിരമിക്കലിനു മുൻപുതന്നെ പൂർത്തിയാക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഹൈക്കോടതി തന്നെ ഉത്തരവുകളിറക്കിയിട്ടുണ്ടെന്നും ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
സിസ തോമസിനനുകൂലമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിറക്കിയ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി.
2023 മാർച്ച് 31 നാണ് 33 വർഷത്തെ സേവനത്തിനുശേഷം അധ്യാപക ജോലിയിൽ നിന്ന് ഡോ. സിസ തോമസ് വിരമിച്ചത്. എന്നാൽ അച്ചടക്ക നടപടിയുടെ പേരിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തുള്ള സിസ തോമസിന്റെ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്.