മാസപ്പടി കേസിൽ എതിർകക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി; എതിർസത്യവാംഗ്മൂലം സമർപ്പിക്കണം
Tuesday, May 27, 2025 2:48 PM IST
കൊച്ചി: മാസപ്പടി കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയിൽ എല്ലാ എതിർകക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍, എക്സാലോജിക് കമ്പനി, മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ വിജയൻ തുടങ്ങി പതിനഞ്ചോളം എതിർകക്ഷികളോടും എതിർസത്യവാംഗ്മൂലം സമർപ്പിക്കാനും കോടതി നിര്‍ദേശിച്ചു.
ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് മുദ്രവച്ച കവറിൽ ഹാജരാക്കാനും ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ജൂൺ17ന് ഹർജി വീണ്ടും പരിഗണിക്കും.
മാസപ്പടി വിഷയത്തിൽ എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ എം.ആർ. അജയനാണ് ഹർജി നല്‍കിയത്. നേരത്തെ, വേനലവധിക്ക് മുമ്പ് ഹര്‍ജി പരിഗണിച്ച കോടതി എസ്എഫ്ഐഒ റിപ്പോര്‍ട്ട് അടക്കമുളളവ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.