അന്‍വര്‍ യുഡിഎഫില്‍ വേണം, അക്കാര്യം സതീശന് ഒറ്റയ്ക്ക് തീരുമാനിക്കേണ്ട: കെ.സുധാകരന്
Wednesday, May 28, 2025 2:31 PM IST
കണ്ണൂര്‍: പി.വി.അന്‍വറിന് പിന്തുണയുമായി കെ.സുധാകരന്. അന്‍വറിന്റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാകുമെന്ന് സുധാകരൻ പ്രതികരിച്ചു.
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. അൻവറിനെ കൂടെ നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹം. അന്‍വര്‍ വിഷയത്തില്‍ വി.ഡി.സതീശന് ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും സുധാകരൻ തുറന്നടിച്ചു.
അന്‍വറിന്റെ പാർട്ടിയെ ഘടകക്ഷിയാക്കുന്നത് പ്രതിപക്ഷ നേതാവ് മാത്രം തീരുമാനമെടുക്കേണ്ട കാര്യമല്ല. മുസ്ലിം ലീഗിന് അൻവറിനെ കൊണ്ടുവരുന്നതിൽ താൽപര്യമുണ്ട്. അന്‍വര്‍ മുന്നണിയിൽ വന്നിട്ട് എതിരഭിപ്രായം പറയാൻ പറ്റില്ല. ഭാവിയിൽ യുഡിഎഫിന് അൻവർ ബാധ്യതയാകുമെന്ന് തോന്നുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ തയാറാകണമെന്നും കെ.സുധാകരന് പറഞ്ഞു. ഷൗക്കത്തിനെതിരായ പരാമര്‍ശങ്ങള്‍ ശരിയായില്ല. അന്‍വര്‍ സ്വയം തിരുത്തണം.
നിലമ്പൂരില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നാണ് തന്റെ വിശ്വാസം. യുഡിഎഫില്‍ ചേരാന്‍ അന്‍വറിനോട് ആരും അങ്ങോട്ട് പോയി ആവശ്യപ്പെട്ടിട്ടില്ല.
അന്‍വര്‍ സ്വയം വന്നതാണ്. അന്‍വറിന്റെ കൈയിലുള്ള വോട്ട് കിട്ടിയില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകും. വലിയ തിരിച്ചടിയോ ചെറുതോ എന്ന് പറയാനില്ല. അന്‍വറിന് കിട്ടുന്ന വോട്ടുകിട്ടിയാല്‍ യുഡിഎഫിന് അത് മുതല്‍ക്കൂട്ടാകുമെന്ന് സംശയമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.