സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; നിലന്പൂരിലെ സ്ഥാനാർഥിയെ തീരുമാനിക്കും
Friday, May 30, 2025 8:47 AM IST
തിരുവനന്തപുരം: നിലന്പൂരിലെ ഇടതുമുന്നണി സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. യോഗത്തിനു ശേഷം സ്ഥാനാർഥിപ്രഖ്യാപനവും ഉണ്ടാകും.
സ്വതന്ത്രനെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയെന്നാണു വിവരം. അങ്ങനെയെങ്കിൽ നിലന്പൂരിലെ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഷിനാസ് ബാബു സ്ഥാനാർഥിയാകും. പാർട്ടി മലപ്പുറം ജില്ലാ നേതൃത്വത്തിനും ഷിനാസ് സ്വീകാര്യനാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കേന്ദ്രീകരിച്ചു തന്നെയാണു സിപിഎം കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ സംബന്ധിച്ചു ചർച്ച നടക്കുന്നത്.
സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ, പ്രഫ. തോമസ് മാത്യു എന്നിവരുടെ പേരുകളും സ്ഥാനാർഥിപ്പട്ടികയിൽ ഉണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബൂത്തുതലം മുതലുള്ള യോഗങ്ങൾ സിപിഎം ആരംഭിച്ചു.
പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനും സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജിനുമാണു മണ്ഡലത്തിന്റെ ചുമതല. ഒന്നിനു ചേരുന്ന നിയോജകമണ്ഡലം കണ്വൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.