ശ്രേയസ് വെടിക്കെട്ടിൽ പഞ്ചറായി മുംബൈ; ഫൈനലിലെത്തി പഞ്ചാബ്
Monday, June 2, 2025 1:40 AM IST
അഹമ്മദാബാദ്: ഐപിഎൽ ഫൈനലിലെത്തി പഞ്ചാബ് കിംഗ്സ്. ക്വാളിഫയർ രണ്ടിൽ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ പഞ്ചാബ് കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
ഞായറാഴ്ച നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. മുംബൈ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കിനിൽക്കെ പഞ്ചാബ് മറികടന്നു. നായകൻ ശ്രേയസ് അയ്യരുടെ ഗംഭീര ബാറ്റിംഗാണ് 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായത്.
87 റൺസാണ് ശ്രേയസ് അയ്യർ എടുത്തത്. 41 പന്തിൽ അഞ്ച് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. 29 പന്തിൽ 48 റണ്ടസെടുത്ത നേഹാൽ വദേരയും 21 പന്തിൽ 38 റൺസെടുത്ത ജോഷ് ഇംഗ്ലീസും മികച്ച പ്രകടനമാണ് നടത്തിയത്.
മുംബൈ ഇന്ത്യൻസിന് വേണ്ടി അശ്വനി കുമാർ രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ടും ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.