പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതിയെത്തിയ സംഭവം; സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി
Wednesday, June 4, 2025 12:20 PM IST
തിരുവനന്തപുരം: പ്രവേശനോത്സവ ചടങ്ങില്‍ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേസില്‍ പ്രതിയായ വ്ളോഗറെ ചടങ്ങിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്ന് മന്ത്രി പ്രതികരിച്ചു.
സ്കൂള്‍ ഹെഡ്മാസ്റ്റര് തന്നെ വന്ന് കണ്ടിരുന്നുവെന്നും അബദ്ധം പറ്റിപ്പോയെന്ന് അദ്ദേഹം പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായി എത്തിയ സംഭവത്തില്‍ സ്കൂളിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ.
മുകേഷ് എം.നായര്‍ സ്കൂളിലെത്തിയത് ഗുരുതര വീഴ്ചയാണെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഉത്തരവാദിത്വത്തില്‍നിന്ന് ഹെഡ്മാസ്റ്റര്‍ക്ക് ഒഴിയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വ്ലോഗർ മുകേഷ് എം.നായർ തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദമായത്.
റീൽസ് ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ്. കോവളം സ്റ്റേഷനിൽ ഇയാൾക്കെതിരേ പോക്സോ കേസ് നിലവിലുണ്ട്.