പോലീസ് അനുമതി നിഷേധിച്ചു, വിജയ റാലി റദ്ദാക്കി ആർസിബി; ആഘോഷം ചിന്നസ്വാമിയിൽ
Wednesday, June 4, 2025 3:29 PM IST
ബംഗളൂരു: ഐപിഎല്‍ കിരീടജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗങ്ങൾ ബംഗളൂരുവില്‍ നടത്താനിരുന്ന വിജയറാലി റദ്ദാക്കി. അനിഷ്ട സംഭവങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ പോലീസ് അവസാനനിമിഷം അനുമതി നിഷേധിക്കുകയായിരുന്നു.
ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ഓപ്പണ്‍ ബസിലെ വിക്ടറി പരേഡ് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതോടെ, വൈകുന്നേരം അഞ്ചിന് ആർസിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീമിനെ ആദരിക്കുന്ന ചടങ്ങിൽ മാത്രമാക്കി വിജയാഘോഷം ഒതുക്കി. ടിക്കറ്റ് വച്ചായിരിക്കും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക.
വൈകുന്നേരം നാലിന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട ശേഷം അവിടെ നിന്ന് പരേഡായി ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനായിരുന്നു ആര്‍സിബിയുടെ തീരുമാനം. വൈകുന്നേരം അഞ്ചു മുതൽ ആറുവരെ ബംഗളൂരു വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ ഒന്നരക്കിലോമീറ്റര്‍ ദൂരമാണ് ആര്‍സിബിയുടെ വിക്ടറി പരേഡ് നിശ്ചയിച്ചിരുന്നത്.
പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബംഗളൂരു ഐപിഎല്‍ കന്നിക്കീരിടം സ്വന്തമാക്കിയത്. ചൊവ്വാഴ്ച അഹമ്മദാബാദില്‍ നടന്ന ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.