ആവേശത്തിലൊന്നും കാര്യമില്ല; പി.വി.അൻവർ കലാശക്കൊട്ട് ഉപേക്ഷിച്ചു
Tuesday, June 17, 2025 5:18 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി.അൻവർ കലാശക്കൊട്ട് ഉപേക്ഷിച്ചു. ആവേശത്തിലൊന്നും കാര്യമില്ലെന്നും യഥാർഥ കലാശക്കൊട്ട് തങ്ങൾ 23ന് നടത്തുമെന്നും അൻവര്‍ പറഞ്ഞു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടിയാണ് കലാശക്കൊട്ട് ഒഴിവാക്കിയതെന്നും പ്രവര്‍ത്തകര്‍ തനിക്കുള്ള വോട്ടുറപ്പിക്കുകയാണെന്നും അൻവര്‍ വ്യക്തമാക്കി. രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം ആറോടെ അവസാനമാകുന്നത്.
പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ റോഡ് ഷോയുമായി മുന്നണികൾ രംഗം കൊഴുപ്പിക്കുകയാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും കലാശകൊട്ട് നടക്കുന്ന നിലമ്പൂർ ടൗണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചർച്ചയായ നിലമ്പൂര്‍ മറ്റന്നാളാണ് വിധിയെഴുതുന്നത്. ബുധനാഴ്ച നിശബ്ദ പ്രചാരണമാണ്. നിലമ്പൂരിന്റെ പുതിയ എംഎല്‍എ ആരെന്നറിയാൻ 23 വരെ കാത്തിരിക്കണം.